Friday, August 12, 2011

കൃത്രിമ ഡി.എന്‍.എ.യുള്ള ജീവിയെ സൃഷ്ടിച്ചു

ജനിതകസാരമായ ഡി.എന്‍.എ.യില്‍ കൃത്രിമപദാര്‍ഥമുള്ള ലോകത്തെ ആദ്യ ജീവിയെ ഗവേഷകര്‍ സൃഷ്ടിച്ചു. പ്രകൃതിയില്‍ ഇന്നില്ലാത്ത ജീവതന്‍മാത്രകളെ പരീക്ഷണശാലകളില്‍ രൂപപ്പെടുത്താനും ഭാവിയില്‍ നമുക്കാവശ്യമുള്ള ജനിതക സവിശേഷതകളുള്ള ജീവികളെ സൃഷ്ടിക്കാനും ഈ കണ്ടെത്തല്‍ വഴിതുറന്നേക്കും.മറ്റു ജീവികളില്‍ പരാദമായി വളരുന്ന നിമവിരകളിലാണ് കേംബ്രിജ് സര്‍വകലാശാലയിലെ സംഘം ഗവേഷണം നടത്തിയത്. ഒരു മില്ലിമീറ്റര്‍ മാത്രം നീളം വരുന്ന ഈ വിരകളുടെ സുതാര്യമായ ശരീരത്തില്‍ 1000 കോശങ്ങളേയുള്ളൂ. ഇവയുടെ ജനിതകദ്രവ്യത്തില്‍ ജീവലോകത്ത് കാണാത്ത തന്മാത്രകള്‍ ഉള്‍പ്പെടുത്താന്‍ ശാസ്ത്രജ്ഞര്‍ക്കായി.20 അമിനോ അമ്ലങ്ങള്‍ പല രീതിയില്‍ കൂടിച്ചേര്‍ന്നാണ് ജീവകോശങ്ങളുടെ നിര്‍മിതിക്കുവേണ്ട പതിനായിരക്കണക്കിനു പ്രോട്ടീനുകള്‍ സൃഷ്ടിക്കപ്പെടുന്നത്. പ്രകൃതിയില്‍ കാണപ്പെടാത്ത 21-ാമത്തെ അമിനോ അമ്ലം വിരയുടെ ഡി.എന്‍.എ.യില്‍ കൂട്ടിച്ചേര്‍ത്താണ് സെബാസ്റ്റ്യന്‍ ഗ്രീസ്, ജെയ്‌സണ്‍ ചിന്‍ എന്നീ ഗവേഷകര്‍ ഈ നേട്ടം കൈവരിച്ചത്.ഇതുവഴി വിരയുടെ എല്ലാ കോശങ്ങളിലും ഈ കൃത്രിമ പ്രോട്ടീന്‍ ഉത്പാദിപ്പിച്ചു. കൃത്രിമ പ്രോട്ടീന്റെ സാന്നിധ്യമുള്ളതിനാല്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കുമ്പോള്‍ വിരയുടെ ശരീരം ചെറിയുടെ ചുവപ്പു നിറത്തില്‍ തിളങ്ങും. കൃത്രിമ പ്രോട്ടീന്‍ കൂട്ടിച്ചേര്‍ത്തത് പരാജയപ്പെട്ടിരുന്നെങ്കില്‍ ഈ തിളക്കം ഉണ്ടാകുമായിരുന്നില്ലെന്ന് ചിന്‍ പറയുന്നു. ശാസ്ത്ര പ്രസിദ്ധീകരണമായ 'ജേണല്‍ ഓഫ് ദ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി'യിലാണ് ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
===========
അടുത്ത വര്‍ഷത്തോടെ ലോകം ആകെ മാറുമെന്നു പറഞ്ഞതിന്റെ അര്‍ത്ഥം ഇതാണ്. സൃഷ്ടിയും മനുഷ്യന്റെ കഴിവില്‍ വരും. അതോടെ അവന്‍ ദൈവമാകും. ഇതാണ് ലോകം അവസാനിക്കും അടുത്ത വര്ഷം - എന്ന് പറയുന്നതിന്റെ പൊരുള്‍. ദൈവം ആവശ്യമില്ലാതാകും.

മുണ്ട് ധരിച്ച് എത്തിയ ടി.എന്‍. പ്രതാപനെ വിമാനത്താവളത്തില്‍ തടഞ്ഞു

മസ്‌കത്ത്: മുണ്ട് ധരിച്ച് എത്തിയ ടി.എന്‍. പ്രതാപന്‍ എം.എല്‍.എയെ മസ്‌കത്ത് വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞു. ഒ.ഐ.സി.സി. സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ ഒമാന്‍ എയര്‍ വിമാനത്തില്‍ ഇന്നലെ രാവിലെ 9.40ന് മസ്‌കത്ത് വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ രണ്ട് ഉദ്യോഗസ്ഥര്‍ എം.എല്‍.എ.യെ സമീപിച്ച് ഈ വേഷത്തില്‍ പുറത്തിറങ്ങരുതെന്നും പാന്റ് ധരിക്കണമെന്നും നിര്‍ദേശിക്കുകയായിരുന്നു.
മുണ്ട് മലയാളികളുടെ പരമ്പരാഗത വസ്ത്രമാണെന്നും താന്‍ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണെന്നും എം.എല്‍.എ ഇംഗ്ലീഷില്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഒടുവില്‍ അറബി ഭാഷ വശമുള്ള ഒ.ഐ.സി.സിയുടെ കോര്‍ഡിനേറ്റര്‍ കെ.ഇ. അലിയാര്‍ സഹായത്തിനെത്തി.
എങ്കിലും പെട്ടിയില്‍ പാന്റ്‌സ് കാണും അതെടുത്ത് ധരിക്കണമെന്നായി ഉദ്യോഗസ്ഥര്‍. എം.എല്‍.എ.യുടെ പെട്ടി ഇവര്‍ പാന്റ് കണ്ടെത്താനായി പരിശോധിക്കുകയും ചെയ്തു.
പരമ്പരാഗതമായി മുണ്ട് മാത്രം ധരിക്കുന്ന വ്യക്തിയാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഇവര്‍ പുറത്തേക്ക് പോകാന്‍ അനുവദിച്ചത്. ജര്‍മനി ഉള്‍പ്പെടെ 12 വിദേശരാജ്യങ്ങളില്‍ മുണ്ട് ധരിച്ച് സഞ്ചരിച്ച തനിക്ക് ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് പ്രതാപന്‍ മാധ്യമങ്ങളോട് പറഞ്ഞു. മസ്‌കത്തില്‍ മുമ്പും മുണ്ട് ധരിച്ച് വന്നിട്ടുണ്ട്. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും മുണ്ടുടുത്ത് പോയിട്ടും പ്രശ്‌നമുണ്ടായില്ല. എന്നാല്‍, ഉദ്യോഗസ്ഥര്‍ വളരെ സൗമ്യമായും മാന്യതയോടും കൂടിയാണ് പെരുമാറിയതെന്ന് എം.എല്‍.എ. പറഞ്ഞു.
നൂറ്റാണ്ടുകളായി മലയാളികളുമായി ഇടപഴകുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ കേരളത്തിന്റെ പരമ്പരാഗത വേഷവിധാനങ്ങളെ പരിചയപ്പെടുത്തുന്നതിന് പദ്ധതി ആവിഷ്‌കരിക്കേണ്ട ആവശ്യകതയാണ് സംഭവം വ്യക്തമാക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രതാപന്‍ ഇക്കാര്യം ഖാദിബോര്‍ഡിന്റെയും പ്രവാസികാര്യമന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍കൊണ്ടുവരുമെന്നും പറഞ്ഞു. അറബ് നാടുകളില്‍ കന്തൂറക്ക് ഉള്ളില്‍ ധരിക്കുന്ന അടിവസ്ത്രമായാണ് മുണ്ടിനെ കണക്കാക്കുന്നത്.
===========
അന്നാട്ടില്‍ പുരുഷന്മാര്‍ തുണി ശരിക്ക് ഉടുത്തില്ലെങ്കിലാണ് കൂടുതല്‍ ഭയപ്പാടു വേണ്ടത്. പെണ്ണുങ്ങള്‍ കുറച്ചു ഭയപ്പെട്ടാല്‍ മതി. ആണ്‍ പിള്ളേര്‍ ബലാത് സംഗത്തിന് ഇരയാകാന്‍ കൂടുതല്‍ സാധ്യത ഉണ്ട്.

ഇതില്‍ എന്തോ കള്ളക്കളി ഇല്ലേ?

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറ പരിശോധനയുടെ കാര്യത്തില്‍ ദേവപ്രശ്നം നിര്‍ണ്ണായകമാവും. ദേവപ്രശ്നത്തിന്റെ കാര്യംകൂടി പരിഗണിച്ചശേഷമേ ഇനി വിദഗ്ധസമിതി ക്ഷേത്രത്തിലെത്തി നടപടി സ്വീകരിക്കുകയുള്ളു. ദേവപ്രശ്നത്തിന്റെ മൂന്നാംദിവസം കോടതി നിയോഗിച്ച വിദഗ്ധസമിതി അംഗങ്ങള്‍ ക്ഷേത്രത്തിലെത്തിയിരുന്നു. പരിശോധന നടത്താതെ യോഗം ചേര്‍ന്ന്‌ പിരിയുകയായിരുന്നു. ദേവപ്രശ്നം നടക്കുന്നതിനാലായിരുന്നു ഇത്‌. ദേവപ്രശ്നത്തിലെ കണ്ടെത്തലുകളും കൂടി ഉള്‍പ്പെടുത്തി അവലോകന റിപ്പോര്‍ട്ട്‌ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചശേഷമേ ഇനി പരിശോധന ഉണ്ടാകൂ. 18ന്‌ ഇതിനായി വിദഗ്ധ സമിതി അംഗങ്ങളുടെ പ്രത്യേക യോഗം ചേരുന്നുണ്ട്‌.സുപ്രീംകോടതിയും ദേവപ്രശ്നത്തിന്റെ വിഷയം പരിഗണിക്കാനാണ്‌ സാധ്യത. ഈശ്വരനും ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ കോടതി പരിഗണിച്ച ചരിത്രമാണുള്ളത്‌. കോടതി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട്‌ അഭിപ്രായം ചോദിച്ചാല്‍ ദേവപ്രശ്ന ചിന്തയ്ക്ക്‌ അനുകൂലമായ നിലപാട്‌ തന്നെയായിരിക്കും അറിയിക്കുക. നിലവറ തുറക്കുന്നത്‌ വിശ്വാസാചാരങ്ങള്‍ക്കനുസരിച്ച്‌ വേണമെന്നാണ്‌ സര്‍ക്കാരിന്റെ നിലപാടെന്ന്‌ മുഖ്യമന്ത്രിതന്നെ ദേവപ്രശ്നത്തിന്റെ അവസാനദിവസം വ്യക്തമാക്കിക്കഴിഞ്ഞു.ദേവചൈതന്യവുമായി ബന്ധപ്പെട്ടതാണ്‌ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകളെന്നും അതിനാല്‍ അത്‌ തുറന്നത്‌ കഷ്ടകാലത്തിനും നാശത്തിനും ഭരണ അസ്ഥിരതയ്ക്കും വഴിതെളിക്കുമെന്നാണ്‌ ദേവപ്രശ്നത്തില്‍ തെളിഞ്ഞത്‌. ഇതിന്‌ പ്രായശ്ചിത്തം ചെയ്യണം. തുറക്കാനുള്ള നിലവറയില്‍ തൊടാന്‍പോലും അനുവാദമില്ലെന്നും പ്രശ്നചിന്തയില്‍ വ്യക്തമായി. തൊട്ടാല്‍ വംശനാശം ആയിരിക്കും ഫലമെന്ന പ്രശ്നഫലം വിദഗ്ധസമിതി അംഗങ്ങളും കോടതിയും പെട്ടെന്ന്‌ തള്ളിക്കളയില്ല. ഇതുകൊണ്ട്‌ തന്നെ ദേവപ്രശ്നത്തിലെ ഫലങ്ങള്‍ ആയിരിക്കും പത്മനാഭസ്വാമിക്ഷേത്രത്തിലെ കേസിന്‌ മേലില്‍ ബാധിക്കുക.ദേവപ്രശ്നം നേരത്തെ നടത്തേണ്ടിയിരുന്നു എന്ന ആക്ഷേപമാണ്‌ ഇപ്പോള്‍ ഉയരുന്നത്‌. എങ്കില്‍ ഒരു കാരണവശാലും നിലവറകളൊന്നും തന്നെ തൊടാന്‍ ആരും തയ്യാറാകുമായിരുന്നില്ല എന്ന ചിന്തയാണ്‌ പൊതുവേ. ദേവപ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ നിലവറ അശുദ്ധമാകാതിരിക്കാനുള്ള ധാര്‍മ്മിക യുദ്ധത്തിന്‌ തയ്യാറാകാനാണ്‌ വിവിധ ഹിന്ദുസംഘടനകളുടെ തീരുമാനം. വരുംദിവസങ്ങളില്‍ ഇതിനനുസരിച്ചുള്ള വിവിധ പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്‌.

പി. ശ്രീകുമാര് [ജന്മഭൂമി ൧൨ആഗസ്റ്റ്‌ ൨൦൧൧]
====================================================
ഇതിനു മുമ്പ് മൂന്നു തവണയെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ തന്നെ നിലവറ തുറന്നതായി ചരിത്രമുണ്ട്. അന്നൊന്നും ഒരു പ്രശ്നവും നടത്തിയിട്ടില്ല. ആര്‍ക്കും ഒരു ദുരന്തവും ഉണ്ടായതും ഇല്ല. ഇപ്പോള്‍ അവസാന നിമിഷത്തില്‍ ധൃതി പിടിച്ചു നടത്തിയ ഈ ദേവപ്രശ്നത്തില്‍ എന്തോ കള്ളം ഉണ്ടെന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ അതില്‍ കുറ്റം പറയാവതല്ല. ഒരു 'രഹസ്യ വസ്തു' രഹസ്യമായി വയ്ക്കാന്‍ നികുതിപ്പണം ചെലവാക്കുക ഒരു ന്യായ പ്രവൃത്തിയല്ല.