Friday, August 12, 2011

ഇതില്‍ എന്തോ കള്ളക്കളി ഇല്ലേ?

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറ പരിശോധനയുടെ കാര്യത്തില്‍ ദേവപ്രശ്നം നിര്‍ണ്ണായകമാവും. ദേവപ്രശ്നത്തിന്റെ കാര്യംകൂടി പരിഗണിച്ചശേഷമേ ഇനി വിദഗ്ധസമിതി ക്ഷേത്രത്തിലെത്തി നടപടി സ്വീകരിക്കുകയുള്ളു. ദേവപ്രശ്നത്തിന്റെ മൂന്നാംദിവസം കോടതി നിയോഗിച്ച വിദഗ്ധസമിതി അംഗങ്ങള്‍ ക്ഷേത്രത്തിലെത്തിയിരുന്നു. പരിശോധന നടത്താതെ യോഗം ചേര്‍ന്ന്‌ പിരിയുകയായിരുന്നു. ദേവപ്രശ്നം നടക്കുന്നതിനാലായിരുന്നു ഇത്‌. ദേവപ്രശ്നത്തിലെ കണ്ടെത്തലുകളും കൂടി ഉള്‍പ്പെടുത്തി അവലോകന റിപ്പോര്‍ട്ട്‌ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചശേഷമേ ഇനി പരിശോധന ഉണ്ടാകൂ. 18ന്‌ ഇതിനായി വിദഗ്ധ സമിതി അംഗങ്ങളുടെ പ്രത്യേക യോഗം ചേരുന്നുണ്ട്‌.സുപ്രീംകോടതിയും ദേവപ്രശ്നത്തിന്റെ വിഷയം പരിഗണിക്കാനാണ്‌ സാധ്യത. ഈശ്വരനും ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ കോടതി പരിഗണിച്ച ചരിത്രമാണുള്ളത്‌. കോടതി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട്‌ അഭിപ്രായം ചോദിച്ചാല്‍ ദേവപ്രശ്ന ചിന്തയ്ക്ക്‌ അനുകൂലമായ നിലപാട്‌ തന്നെയായിരിക്കും അറിയിക്കുക. നിലവറ തുറക്കുന്നത്‌ വിശ്വാസാചാരങ്ങള്‍ക്കനുസരിച്ച്‌ വേണമെന്നാണ്‌ സര്‍ക്കാരിന്റെ നിലപാടെന്ന്‌ മുഖ്യമന്ത്രിതന്നെ ദേവപ്രശ്നത്തിന്റെ അവസാനദിവസം വ്യക്തമാക്കിക്കഴിഞ്ഞു.ദേവചൈതന്യവുമായി ബന്ധപ്പെട്ടതാണ്‌ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകളെന്നും അതിനാല്‍ അത്‌ തുറന്നത്‌ കഷ്ടകാലത്തിനും നാശത്തിനും ഭരണ അസ്ഥിരതയ്ക്കും വഴിതെളിക്കുമെന്നാണ്‌ ദേവപ്രശ്നത്തില്‍ തെളിഞ്ഞത്‌. ഇതിന്‌ പ്രായശ്ചിത്തം ചെയ്യണം. തുറക്കാനുള്ള നിലവറയില്‍ തൊടാന്‍പോലും അനുവാദമില്ലെന്നും പ്രശ്നചിന്തയില്‍ വ്യക്തമായി. തൊട്ടാല്‍ വംശനാശം ആയിരിക്കും ഫലമെന്ന പ്രശ്നഫലം വിദഗ്ധസമിതി അംഗങ്ങളും കോടതിയും പെട്ടെന്ന്‌ തള്ളിക്കളയില്ല. ഇതുകൊണ്ട്‌ തന്നെ ദേവപ്രശ്നത്തിലെ ഫലങ്ങള്‍ ആയിരിക്കും പത്മനാഭസ്വാമിക്ഷേത്രത്തിലെ കേസിന്‌ മേലില്‍ ബാധിക്കുക.ദേവപ്രശ്നം നേരത്തെ നടത്തേണ്ടിയിരുന്നു എന്ന ആക്ഷേപമാണ്‌ ഇപ്പോള്‍ ഉയരുന്നത്‌. എങ്കില്‍ ഒരു കാരണവശാലും നിലവറകളൊന്നും തന്നെ തൊടാന്‍ ആരും തയ്യാറാകുമായിരുന്നില്ല എന്ന ചിന്തയാണ്‌ പൊതുവേ. ദേവപ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ നിലവറ അശുദ്ധമാകാതിരിക്കാനുള്ള ധാര്‍മ്മിക യുദ്ധത്തിന്‌ തയ്യാറാകാനാണ്‌ വിവിധ ഹിന്ദുസംഘടനകളുടെ തീരുമാനം. വരുംദിവസങ്ങളില്‍ ഇതിനനുസരിച്ചുള്ള വിവിധ പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്‌.

പി. ശ്രീകുമാര് [ജന്മഭൂമി ൧൨ആഗസ്റ്റ്‌ ൨൦൧൧]
====================================================
ഇതിനു മുമ്പ് മൂന്നു തവണയെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ തന്നെ നിലവറ തുറന്നതായി ചരിത്രമുണ്ട്. അന്നൊന്നും ഒരു പ്രശ്നവും നടത്തിയിട്ടില്ല. ആര്‍ക്കും ഒരു ദുരന്തവും ഉണ്ടായതും ഇല്ല. ഇപ്പോള്‍ അവസാന നിമിഷത്തില്‍ ധൃതി പിടിച്ചു നടത്തിയ ഈ ദേവപ്രശ്നത്തില്‍ എന്തോ കള്ളം ഉണ്ടെന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ അതില്‍ കുറ്റം പറയാവതല്ല. ഒരു 'രഹസ്യ വസ്തു' രഹസ്യമായി വയ്ക്കാന്‍ നികുതിപ്പണം ചെലവാക്കുക ഒരു ന്യായ പ്രവൃത്തിയല്ല.

No comments: